കവിത: ഒറ്റച്ചേല രചന: സതി അങ്കമാലി ------------- ഒറ്റച്ചേലയില്‍ ചുറ്റിയ വൃദ്ധശരീരം മറുതുണിയില്ലാതെ... നനഞ്ഞ ഒരറ്റം വെയിലിനാല്‍ മറ്റേയറ്റം ഉടലിനാല്‍ ഉണങ്ങുന്നു. മരിക്കുംവരെ ഇങ്ങനെ... മരിച്ചാല്‍ മറവുചെയ്യാന്‍ ഇടമില്ലാത്തതിനാല്‍ കായലില്‍ കല്ലുകെട്ടിത്താഴ്ത്താമല്ലോ കന്നിനൊപ്പം നിലമുഴാന്‍ വിധിക്കപ്പെട്ടവര്‍ക്കെന്ത് നീതി? വിയര്‍ക്കാത്തവന്‍റെ വിശപ്പിന് ജന്മം കൊണ്ടേ ഇരയായവര്‍ ഊരിന്‍റെ നേര് കാക്കാന്‍ മണ്ണും മാനവും കാത്തവര്‍. അവകാശവാദങ്ങളില്ലാതെ. ഒടുവിലീ... ഒറ്റച്ചേലയില്‍ അഴിഞ്ഞുലഞ്ഞുപോയ്...


പഠനം: അഖില ശിവ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥി. ------------------------------ ‘തീമരങ്ങള്‍’ (2011 സെക്കുലർ സാഹിത്യ വേദി പ്രസിദ്ധികരിച്ചത്) എന്ന കവിതാസമാഹാരത്തിലെ ‘ഒറ്റച്ചേല’ എന്ന കവിതയില്‍ ഇങ്ങനെ പറയുന്നു: “മരിച്ചാല്‍ മറവുചെയ്യാന്‍ ഇടമില്ലാത്തതിനാല്‍ കായലില്‍ കല്ലുകെട്ടിത്താഴ്ത്താമല്ലോ... കന്നിനൊപ്പം നിലമുഴാന്‍ വിധിക്കപ്പെട്ടവര്‍ക്കെന്ത് നീതി?” പാര്‍ശ്വവത്കൃതരായ ബഹുജനങ്ങള്‍ ചരിത്രപരമായിത്തന്നെ അധികാരശ്രേണിയുടെ ഏതേത് സാമൂഹ്യസ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത് എന്ന് ഈ വരികള്‍ വെളിപ്പെടുത്തുന്നു. സമകാലീന കേരളത്തിന്‍റെ സാംസ്‌കാരിക രാഷ്ട്രീയത്തിലും പ്രതിനിധാന രംഗങ്ങളിലും പാര്‍ശ്വവത്കൃതരുടെ സ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയചോദ്യമായി കവിത മാറുന്നു. ചിന്തകനും എഴുത്തുകാരനുമായ കെ.കെ.ബാബുരാജിന്‍റെ ‘മറ്റൊരു ജീവിതം സാധ്യമാണ്’[2006 സബ്ജെക്റ്റ് ആന്‍ഡ്‌ ലാംഗ്വേജ് പ്രെസ്സ് കോട്ടയം] എന്ന പുസ്തകത്തിൽ പറയുന്നു: "വാമൊഴി ഘടകങ്ങളില്‍ നിന്നുമാത്രമല്ല, അനുഭവങ്ങളെ സമാഹൃത ഓര്‍മകളാക്കിമാറ്റിയും, സാമുദായിക സ്വത്വനിര്‍മ്മിതിയുടെ രേഖീയപാഠങ്ങള്‍ രൂപപ്പെടുത്തുന്നു. നവോത്ഥാനഘട്ടത്തില്‍ ഏര്‍പ്പെടെണ്ടിവന്ന സംഘര്‍ഷങ്ങളും വ്യക്തികളുടെ ആത്മത്യാഗങ്ങളും സ്മരണകളായി രൂപപ്പെടുന്നു. ഔദ്യോഗികചരിത്രത്തിനും ഭാഷാവബോധത്തിനും പുറത്ത് കീഴാളസ്വത്വം അതിജീവിക്കപ്പെടുന്നത് ഇപ്രകാരത്തിലുള്ള ഓര്‍മ്മകളുടെ പുനരുത്പാദനത്തിലൂടെയാണ്. " ഇത്തരത്തില്‍ ഓര്‍മകളുടെയും സമുദായചരിത്രത്തിന്റെയും അടയാളങ്ങളെ ഭൂതകാലത്തിന്റെ നിശ്ചലതയില്‍നിന്നു മോചിപ്പിച്ച്‌ സമുദായവത്കരണത്തിന്റെ ആന്തരികലോകമാക്കി മാറ്റാനും അതുവഴി ഒരു ജനതയുടെ ജീവിതാവസ്ഥകള്‍ എങ്ങനെയെല്ലാമാണ് ദൈന്യതയാര്‍ന്നു നില്‍ക്കുന്നതെന്ന് കാണിച്ചുതരുന്നുണ്ട് ഒറ്റച്ചേല എന്ന കവിത.സാമൂഹ്യ വ്യവസ്ഥയുടെ രുപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ 'ഭൗതിക ചരിത്ര സാഹചര്യങ്ങളെ കണക്കിലെടുത്തില്ല അതിനാൽ തന്നെ സാമൂഹ്യമാറ്റത്തെ സംബന്ധിച്ച സൈദ്ധാന്തിക ധാരണകൾ രൂപപ്പെട്ടില്ല. അതിന്നും തുടരുന്നതിൻ്റെ അടയാളമായി, ഇതിനൊക്കെ പുറംതിരിഞ്ഞു നിൽക്കുന്ന പൊതുബോധത്തിൻ്റെ പുറത്ത് വിരിച്ചിട്ട നനഞ്ഞ ഒറ്റച്ചേല, അഴിഞ്ഞുലഞ്ഞു പോയ ജീവിതങ്ങളുടെ സാക്ഷ്യപത്രമായി അനീതിയോട് കലഹിക്കുന്നു.